ഒരു യുപിഐ ഉപയോക്താവിന് മറ്റൊരു അക്കൗണ്ട് ഉടമയിൽ നിന്ന് പണം അഭ്യർത്ഥിക്കാൻ കഴിയുന്ന സവിശേഷത നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നിര്‍ത്തലാക്കുന്നു. ഒക്ടോബർ 1 മുതൽ എല്ലാ പിയർ-ടു-പിയർ (P2P) ധന അഭ്യർത്ഥനകളും നിർത്തലാക്കാൻ ബാങ്കുകളോടും പേയ്‌മെന്റ് ആപ്പുകളോടും എൻപിസിഐ നിർദ്ദേശിച്ചു. സാമ്പത്തിക തട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
ഒരു ഉപയോക്താവിന് മറ്റൊരു യു.പി.ഐ അക്കൗണ്ട് ഉടമയിൽ നിന്ന് പണം അഭ്യർത്ഥിക്കാൻ കഴിയുന്ന സവിശേഷതയാണ് "കളക്ട് റിക്വസ്റ്റ്" അല്ലെങ്കിൽ "പുൾ ട്രാൻസാക്ഷൻ". ഉപയോക്താക്കളെ വഞ്ചിച്ച് അവർ ഒരിക്കലും നടത്താൻ ഉദ്ദേശിക്കാത്ത പേയ്‌മെന്റുകൾ അംഗീകരിപ്പിക്കുന്നതിന് ഈ സവിശേഷത പലപ്പോഴും തട്ടിപ്പുകാർ ഉപയോഗപ്പെടുത്തുന്നതായി കണ്ടു വരുന്നുണ്ട്.
പുഷ്, പുൾ എന്നിങ്ങനെ രണ്ട് തരം ഇടപാടുകളെയാണ് യുപിഐ നിലവിൽ പിന്തുണയ്ക്കുന്നത്. പുഷ് ഇടപാടില്‍ പണം നല്‍കുന്നയാൾ ഒരു ക്യുആർ കോഡ് സ്കാൻ ചെയ്തോ സ്വീകർത്താവിന്റെ യുപിഐ ഐഡി നൽകിയോ പേയ്‌മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കുന്നു. പണം സ്വീകരിക്കുന്നയാള്‍ പ്രക്രിയ ആരംഭിക്കുകയും പണമടയ്ക്കുന്നയാൾ അവരുടെ യുപിഐ പിൻ നൽകി അത് അംഗീകരിക്കുകയും ചെയ്യുന്നതിനെയാണ് പുൾ ഇടപാട് എന്നു പറയുന്നത്.
ഒരു ഇടപാടിന് 2,000 രൂപയായി പി2പി കളക്റ്റ് ഫീച്ചർ നിലവില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം നിയമാനുസൃതമായ ബിസിനസ് ഇടപാടുകള്‍ നടത്തുന്നതിനായി കളക്റ്റ് അഭ്യർത്ഥനകൾ തുടര്‍ന്നും ഉപയോഗിക്കാം. ഇതനുസരിച്ച് ഫ്ലിപ്കാർട്ട്, ആമസോൺ, സ്വിഗ്ഗി, ഐആര്‍സിടിസി പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ കളക്ഷന്‍ അഭ്യര്‍ത്ഥന അനുസരിച്ച് ഉപയോക്താക്കള്‍ക്ക് പേയ്‌മെന്റുകൾ നടത്താം. ഇത്തരം സന്ദർഭങ്ങളിൽ പ്ലാറ്റ്ഫോമുകളുടെ ആപ്പ് അയയ്ക്കുന്ന കളക്ഷന്‍ അഭ്യർത്ഥന ഉപയോക്താവ് അംഗീകാരം നല്‍കിയാല്‍ മാത്രമാണ് പേയ്‌മെന്റ് പൂര്‍ത്തിയാകുക.
സ്പ്ലിറ്റ് പേയ്‌മെന്റ് ഓപ്ഷനുകൾ യുപിഐ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ കളക്ഷന്‍ അഭ്യർത്ഥനകളുടെ ആവശ്യകത വളരെ കുറവാണ്. ഇന്ത്യയില്‍ ഏകദേശം 40 കോടി യുപിഐ ഉപയോക്താക്കളുണ്ട്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. 25 ലക്ഷം കോടി രൂപയുടെ ഏകദേശം 2,000 കോടി പ്രതിമാസ ഇടപാടുകളാണ് യുപിഐ വഴി കൈകാര്യം ചെയ്യുന്നത്.