ചാറ്റ്ജിപിടിയിൽ ഇനി യുപിഐ വിപ്ലവം; നിർദ്ദേശം നൽകിയാൽ പണം പറപറക്കും!

നിർമ്മിതബുദ്ധിയുടെ (AI) ലോകത്ത് പുതിയൊരു ചരിത്രം കുറിക്കാൻ ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി ഒരുങ്ങുന്നു. ഇന്ത്യയുടെ സ്വന്തം യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ് (യുപിഐ) ഇനി ചാറ്റ്ജിപിടിയിലും ലഭ്യമാകും. നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI), പ്രമുഖ ഫിൻടെക് സ്ഥാപനമായ റേസർപേ എന്നിവരുമായി ചേർന്നാണ് ഈ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുന്നത്.

 ഇതോടെ, നിർമ്മിതബുദ്ധി ഉപയോഗിച്ച് തത്സമയം പണമിടപാടുകൾ സാധ്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ എഐ നെറ്റ്‌വർക്കായി ചാറ്റ്ജിപിടി മാറും.

ഈ പങ്കാളിത്തത്തിന്റെ ആദ്യപടിയായി ഒരു പൈലറ്റ് പ്രോഗ്രാം ആരംഭിച്ചു കഴിഞ്ഞു. എഐ ഉപയോഗിച്ച് എങ്ങനെ സുരക്ഷിതവും ലളിതവുമായി പണമിടപാടുകൾ നടത്താമെന്ന് ഓപ്പൺ എഐ ഈ ഘട്ടത്തിൽ പരീക്ഷിക്കും. ആക്‌സിസ് ബാങ്കും എയർടെൽ പേയ്‌മെന്റ്‌സ് ബാങ്കുമാണ് ഈ പദ്ധതിയിലെ പ്രധാന ബാങ്കിംഗ് പങ്കാളികൾ.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത് സമാനതകളില്ലാത്ത അനുഭവമായിരിക്കും. ചാറ്റ്ജിപിടിയോട് സംസാരിക്കുന്ന ലാഘവത്തോടെ പണമിടപാടുകളും പൂർത്തിയാക്കാം. ഉദാഹരണത്തിന്, ടാറ്റ ഗ്രൂപ്പിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌ക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ചാറ്റ്ജിപിടിയിൽ ഒരു നിർദ്ദേശം നൽകിയാൽ മാത്രം മതി.
നിലവിൽ പരീക്ഷണ ഘട്ടത്തിലാണെങ്കിലും, എഐ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക ഇടപാടുകളിൽ ഒരു പുതിയ യുഗത്തിനാണ് ഈ നീക്കം വഴിയൊരുക്കുന്നത്.