ക്രെഡിറ്റ് കാർഡ് മാറ്റങ്ങൾ ഇവയാണ്

 

തിരഞ്ഞെടുത്ത പ്രീമിയം ക്രെഡിറ്റ് കാർഡുകളിലെ സൗജന്യ വിമാന അപകട ഇൻഷുറൻസ് പിൻവലിക്കുമെന്ന് എസ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്ബിഐ കാർഡ് എലൈറ്റ്, മൈൽസ് എലൈറ്റ്, മൈൽസ് പ്രൈം തുടങ്ങിയ കാർഡുകൾ ഉപയോഗിച്ച് ഇനി വിമാന ടിക്കറ്റ് എടുക്കുമ്പോൾ എസ്ബിഐ നൽകിവരാറുള്ള ഒരു കോടി രൂപയുടെ പരിരക്ഷ ഇനി ലഭിക്കില്ല. ക്രെഡിറ്റ് കാർഡുകളിലെ മിനിമം തുക കുടിശിക കണക്കാക്കുന്ന രീതിയിലും എസ്ബിഐ കാർഡ് മാറ്റം വരുത്തുന്നുണ്ട്. എസ്ബിഐ കാർഡ് പ്രൈം, എസ്ബിഐ കാർഡ് പൾസ് എന്നിവയിൽ നൽകിയിരുന്ന 50 ലക്ഷം രൂപയുടെ ഈ ഇൻഷുറൻസും ജൂലൈ 15 മുതൽ നിർത്തും.

എച്ച്ഡിഎഫ്സിയുംഐസിഐസിഐയും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വിവിധ ഇടപാടുകളുടെ നിരക്കുകളും പരിഷ്കരിച്ചിട്ടുണ്ട്.

എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഒരു 4,999 രൂപയുടെ ഇടപാടുകളിലും ഒരു ശതമാനം ഇടപാട് ഫീസ് നൽകണം. മാത്രമല്ല എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക നൽകാനോ ഓൺലൈൻ അധിഷ്ഠിത ഗെയിമുകൾക്കായി 10,000 രൂപയിൽ കൂടുതൽ ചെലവഴിക്കുകയോ ചെയ്യുകയാണെങ്കിലും ഒരു ശതമാനം ഫീസ് ഈടാക്കും. പ്രതിമാസം 50,000 രൂപയിൽ കൂടുതലുള്ള യൂട്ടിലിറ്റി ബിൽ പേയ്മെന്റുകൾക്കും (ഇൻഷുറൻസ് ഒഴികെ) ഒറ്റ ഇടപാടിൽ 10,000 രൂപയിൽ കൂടുതൽ ഡിജിറ്റൽ വാലറ്റുകളിൽ ലോഡ് ചെയ്യുന്നതിനും ഇതേ ഒരു ശതമാനം ഫീസ് ബാധകമാകും.

ഐസിഐസിഐ ബാങ്കിന്റെ എടിഎം ഇടപാടുകൾ ഉൾപ്പെടെയുള്ള സേവന നിരക്കുകളിൽ മാറ്റമുണ്ട്. ഐസിഐസിഐ ബാങ്ക് എടിഎമ്മുകളിൽ ആദ്യത്തെ അഞ്ചു തവണ പണം പിൻവലിക്കുന്നത് സൗജന്യമായി തന്നെ തുടരും. പിന്നീടുള്ള ഓരോ ഇടപാടിനും 23 രൂപവീതം ഈടാക്കും. എന്നാൽ സാമ്പത്തികേതര ഇടപാടുകൾ സൗജന്യമായി തുടരും.

ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾ ബാങ്ക് ഇതര എടിഎമ്മുകൾ ഉപയോഗിക്കുകയാണെങ്കിൽ മെട്രോ നഗരങ്ങളിൽ സൗജന്യ ഇടപാടുകളുടെ എണ്ണം മൂന്നായി പരിമിതപ്പെടുത്തി. ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും ഇത് അഞ്ചായും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ നിങ്ങൾ ഓരോ ഇടപാടിനും യഥാക്രമം 23 രൂപയും സാമ്പത്തികേതര ഇടപാടുകൾക്ക് 8.50 രൂപയും നൽകണം. അന്താരാഷ്ട്ര എടിഎമ്മുകളിലെ ഇടപാടുകൾക്ക്, പണം പിൻവലിക്കുന്നതിന് ബാങ്ക് 125 രൂപയും സാമ്പത്തികേതര ഇടപാടുകൾക്ക് 25 രൂപയും 3.5 ശതമാനം കറൻസി കൺവേർഷൻ ഫീസും ഈടാക്കും. ഐഎംപിഎസ് ഇടപാടുകളുടെ ചാർജിലും മാറ്റം വരുത്തി. 2.50 രൂപയിൽ നിന്ന് 15 രൂപയായാണ് വർധിപ്പിച്ചത്.

ഇനി മുതൽ പ്രതിമാസം ഒരു ലക്ഷം രൂപയിൽ കൂടുതൽ ഡെപ്പോസിറ്റ് ചെയ്യുമ്പോൾ 150 രൂപ അല്ലെങ്കിൽ ഓരോ 1000 രൂപ ഡെപ്പോസിറ്റിനും 3.50 രൂപ വീതം (ഏതാണോ കൂടിയത്) ഇടാക്കും.