വ്യാപാര സമയം വർധിപ്പിക്കാൻ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് മാർക്കറ്റ് റെഗുലേറ്ററായ സെബി 2009 ൽ തന്നെ അനുമതി നൽകിയിരുന്നു. ഇതു കൂടാതെ ഇക്വിറ്റി ഡെറിവേറ്റീവ് കോൺട്രാക്ട് സെഗ്മെന്റിൽ വ്യാപാര സമയം വർധിപ്പിക്കാൻ 2018 ഒക്ടോബറിൽ സെബി അനുമതി നൽകിയിട്ടുണ്ട്. നിലവിൽ രാവിലെ 9 മുതൽ രാത്രി 11.55 വരെ ഈ സെഗ്മെന്റിൽ വ്യാപാരം നടത്താനാണ് അനുമതി നൽകിയിട്ടുള്ളത്.
നിലവിൽ ഇക്വിറ്റി മാർക്കറ്റിലെ വ്യാപാര സമയം രാവിലെ 9 മുതൽ പരമാവധി, വൈകുന്നേരം 5 മണി വരെയാക്കാൻ സെബി അനുമതി നൽകിയിട്ടുണ്ടെന്ന് എൻഎസ്ഇ മാനേജിങ് ഡയറക്ടറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ആഷിഷ് കുമാർ ചൗഹാൻ പറഞ്ഞു. ഡെറിവേറ്റീവ് സെഗ്മെന്റിൽ രാവിലെ 9 മുതൽ രാത്രി 11.55 വരെ വ്യാപാരം നടത്താനും അനുമതി ലഭിച്ചിട്ടുണ്ടെന്നും, തങ്ങൾ ഇക്കാര്യത്തിൽ ഇതുവരെ മുന്നോട്ടു പോവാനുള്ള നടപടികൾ കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്ഇ, ബിഎസ്ഇ ക്യാഷ് സെഗ്മെന്റുകളിലും, എൻഎസ്ഇ എഫ് & ഒ സെഗ്മെന്റിലും രാവിലെ 9.15 മുതൽ വൈകുന്നേരം 3.30 വരെയാണ് നിലവിലെ വ്യാപാര സമയം. എൻഎസ്ഇയിലും, ബിഎസ്ഇയിലും രാവിലെ 9.00 മുതൽ 9.15 വരെ പ്രീ ഓപ്പണിങ് സെഷനാണ്. ഇതിനു ശേഷം രാവിലെ 9.15 മുതൽ വൈകുന്നേരം 3.30 വരെ 6 മണിക്കൂർ 15 മിനിറ്റാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഇതിനോട് 1.30 മണിക്കൂർ വർധിപ്പിച്ച് ക്ലോസിങ് സമയം 5 മണിയാക്കാനാണ് എൻഎസ്ഇ നിലവിൽ ശ്രമിക്കുന്നത്.
നേട്ടങ്ങൾ
ആഗോള സമ്പദ് വ്യവസ്ഥകൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കാലമാണിത്. ലോകത്തിലെ ഓഹരിവിപണികൾ, പരസ്പര സ്വാധീനം ചെലുത്തുന്നു. ആഗോള തലത്തിലുള്ള വിവരവിനിമയം മൂലമുണ്ടാകുന്ന അസ്ഥിരതകളെ ഹെഡ്ജ് ചെയ്യാൻ വർധിച്ച സമയം സഹായിക്കും. ടൈം സോൺ വ്യത്യാസങ്ങൾ കുറയും. ഓവർനൈറ്റ് റിസ്ക് കൂടുതൽ കാര്യക്ഷമമായി മാനേജ് ചെയ്യാൻ സാധിക്കും. കൂടുതൽ ആഭ്യന്തര-വിദേശ നിക്ഷേപകരുടെ കടന്നുവരവിന് കളമൊരുങ്ങും. റീടെയിൽ ഇൻവെസ്റ്റേഴ്സിനെ വലിയതായി ബാധിക്കില്ലെങ്കിലും, പൊസിഷണൽ ട്രേഡേഴ്സിന് ഈ മാറ്റം ഗുണകരമാവും.
