സർക്കാരിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തിറക്കുന്ന സോവറിൻ ഗോൾഡ് ബോണ്ട് (എസിജിബി) നിക്ഷേപത്തിന്റെ ആറാം സീരീസ് ഇന്നാരംഭിക്കുകയാണ്. ഓഗസ്റ്റ് 30 ന് തുടങ്ങുന്ന SBG കൾ സെപ്തംബർ 3 ന് അവസാനിക്കും. ഈകാലയളവിൽ സ്വർണ ബോണ്ടുകളുടെ സബ്സ്ക്രിപ്ഷൻ നടത്താം. ഇത്തവണ ഗ്രാമിന് 4732 രൂപയാണ് വില. എപ്പോഴത്തെയും പോലെ ഡിജിറ്റലായി വാങ്ങുന്നവർക്ക് ഗ്രാമിന് 50 രൂപ അധിക കിഴിവും ലഭിക്കും. അത്തരംനിക്ഷേപകർക്കുള്ള ഗോൾഡ് ബോണ്ടിന്റെഇഷ്യു വില ഗ്രാമിന് 4,682 രൂപയാണ്.നിലവിലെ വിപണി വിലയേക്കാളും താഴനിരക്കിൽ നിക്ഷേപകർക്ക് സ്വർണം വാങ്ങിക്കുവാൻ സാധിക്കുമെന്നത്മാത്രമല്ല സർക്കാരിന്റെ സുരക്ഷിതത്വത്തോടെ ഭാവിയിലേക്ക് സ്വർണ നിക്ഷേപം നടത്താം എന്നതുമാണ് സോവറിൻ സ്വർണ ബോണ്ടുകളുടെ പ്രത്യേകത.
2021 മെയ് മുതൽ സെപ്റ്റംബർ വരെആറ് ഗഡുക്കളായാണ് 2021-22 സാമ്പത്തിക വർഷത്തിലെ സ്വർണബോണ്ട് സിരീസുകൾ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നത്. ഈ കാലയളവിലെ അവസാനത്തെ സിരീസ് ആണ് ഇത്. ആർക്കൊക്കെ സ്വർണം വാങ്ങാം, എവിടെനിന്നും വാങ്ങാം, പ്രയോജനമെന്തെല്ലാംഎന്നത് അറിയാം.
എവിടെ നിന്നും വാങ്ങാം ?
എല്ലാ ബാങ്കുകളിൽ നിന്നും, സ്റ്റോക്ക്ഹോൾഡിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ(എസ്എച്ച് സിഐഎൽ), സ്റ്റോക്ക് മാർക്കറ്റുകൾ, തെരഞ്ഞെടുക്കപ്പെട്ടപോസ്റ്റ് ഓഫീസുകൾ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ് (ബിഎസ്ഇ) എന്നിവടങ്ങളിൽ നിന്നും ബോണ്ടുകൾ വാങ്ങാം. എന്നാൽ സ്മോൾ ഫിനാൻസ് ബാങ്ക്, പെയ്മെന്റ്ബാങ്കുകൾ എന്നിവയ്ക്ക് എസ്ജിബി ഇഷ്യു ചെയ്യാനുള്ള അവകാശമില്ല.
ആർക്കൊക്കെ വാങ്ങാം ?
ഇന്ത്യൻ പൗരത്വമുള്ള ആർക്കും എസ്ജിബി വാങ്ങാം. ഹിന്ദു അൺ-ഡിവൈഡഡ് ഫാമിലി വിഭാഗത്തിനും ട്രസ്റ്റുകൾക്കും ഗോൾഡ് ബോണ്ടുകൾ വാങ്ങാം. വ്യക്തികൾക്ക് 4 കിലോ ഗ്രാമാണ് പരമാവധി വാങ്ങാനാകുക. എന്നാൽ ട്രസ്റ്റുകൾക്കും മറ്റ് സമാന സ്ഥാപനങ്ങൾക്കുമുള്ള പരമാവധി നിക്ഷേപ പരിധി 20 കിലോ ഗ്രാം സ്വർണമാണ്. സോവറീൻ ഗോൾഡ് ബോണ്ടുകൾ പങ്കാളിത്ത ഉപയോക്താവായും വാങ്ങിക്കാവുന്നതാണ്. പ്രായപൂർത്തിയെത്താത്ത കുട്ടികളുടെ പേരിലും സോവറീൻ ഗോൾഡ് ബോണ്ടുകൾ ഇത്തരത്തിൽ വാങ്ങാം. പ്രായ പൂർത്തിയെത്താത്ത കുട്ടികളുടെ പേരിലാണ് വാങ്ങിക്കുന്നത് എങ്കിൽ കുട്ടിയുടെ മാതാപിതാക്കളോ രക്ഷിതാവോ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽ ലഭ്യമാണ് ഈ സൗകര്യം. ഇത് അറിയാൻ അതാത് ജില്ലകളിലെ ഹെഡ് പോസ്റ്റ് ഓഫീസിൽ അന്വേഷിക്കാം.
കാലാവധി എത്ര?
ഈ ബോണ്ടുകളുടെ മെക്യൂരിറ്റി കാലയളവ് 8 വർഷമാണെങ്കിലും നിക്ഷേപം ആരംഭിച്ച് 5 വർഷം പൂർത്തിയായി ക്കഴിഞ്ഞാൽ അടുത്ത പലിശ അടവ് തീയതിയ്ക്ക് മുമ്പായി നിക്ഷേപകന് പദ്ധതി പിൻവലിക്കാനും കഴിയും. ആരംഭിച്ച് എട്ട് വർഷം വരെയുള്ള സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതികളിൽ നിക്ഷേപകൻ ഏറ്റവും ചുരുങ്ങിയത് ഒരു ഗ്രാം സ്വർണമെങ്കിലും നിക്ഷേപം നടത്തണമെന്ന് നിർബന്ധമാണ്.
പലിശ നിരക്ക് എത്ര?
2.5 ശതമാനമാണ് സ്വർണ ബോണ്ടുകൾക്ക് ലഭിക്കുന്ന പലിശ നിരക്ക്.
വിൽക്കുമ്പോൾ എങ്ങനെ പണമാക്കാം?ഇന്ത്യ ബുള്ള്യൻ ആൻഡ് ജൂവല്ലേഴ്സ് അസോസിയേഷൻ ലിമിറ്റഡ് (ഐബിജെഎ) പ്രസിദ്ധീകരിക്കുന്ന 999 പ്യൂരിറ്റിയുള്ള സ്വർണത്തിന്റെ വിലയുടെ ശരാശരിയാണ് ഇതിനായെടുക്കുക. സബ്ക്രിപ്ഷൻ നടക്കുന്ന ആഴ്ചയിലെ മൂന്നു പ്രവർത്തി ദിവസങ്ങളിലെ സ്വർണത്തിന്റെ ക്ലോസിംഗ് വിലയുടെ ശരാശരിക്കാണ് ബോണ്ട് ഇഷ്യു ചെയ്യുക ബോണ്ട് പണമാക്കി മാറ്റുമ്പോഴും ഐബിജെഎ ലിമിറ്റഡിന്റെ മുൻ മൂന്ന് ദിവസത്തെ ക്ലോസിംഗ് വിലയുടെ ശരാശരി തന്നെയാകും ലഭിക്കുക.
പണയം വയ്ക്കാമോ?
ഏതൊരു നിക്ഷേപകനും സോവറിൻ ഗോൾഡ് ബോണ്ടിന്മേൽ വായ്പാ സേവനവും ലഭ്യമാണ്. ഇഷ്യു ചെയ്തതിന്റെ പേപ്പറുകൾ ആണ് ബാങ്കുകൾ ഇതിനായി ആവശ്യപ്പെടുക.
നികുതി ബാധകമാണോ?
മെച്യുരിറ്റി ആകുമ്പോഴുള്ള മൂലധന നേട്ടം നികുതി രഹിതമാണ്. സോവറിൻ ഗോൾഡ്ബോണ്ടുകൾക്കുള്ളമെച്ചമാണിത്.
പോരായ്മയെന്ത് ?
സ്വർണം വാങ്ങുമ്പോഴുള്ള വിലയല്ല, ഇഷ്യു കാലാവധി കഴിഞ്ഞ് പണമാക്കി മാറ്റുമ്പോൾ ആ സമയത്തുള്ള മൂന്ന്ദിവസത്തെ ക്ലോസിംഗ് വിലയുടെ ഐബിജെഎ ലിമിറ്റഡ് രേഖപ്പെടുത്തിയ ശരാശരി വില തന്നെയാണ് ലഭിക്കുക. എന്നാൽ സ്വർണവില ഏറുന്നസാഹചര്യമെങ്കിൽ ഉപഭോക്താവിന് ഇത് നേട്ടവും ആയേക്കാം
