ചെലവുകൾ ചുരുക്കാനുള്ള ചില പൊടികൈകൾ

     വരുമാനം ഉണ്ടെങ്കിലും ചെലവുകൾ വർദ്ധിക്കുന്നത് കാരണം കൈയിൽ പണം ഇല്ലാത്ത അവസ്ഥയാണ് മിക്കവരുടെയും പ്രധാന പ്രശ്നം. ആവശ്യത്തിന് പണം ആവശ്യമാണ് എങ്കിലും അനാവശ്യ ചെലവുകൾക്ക് നമ്മൾ അറിയാതെ തന്നെ പണം ഉപയോഗിക്കുന്നുണ്ട്. ഇവ ഒഴിവാക്കാനുള്ള കുറച്ചു കാര്യങ്ങൾ നമുക്ക് മനസിലാക്കാം. 


       ചെലവ് ചുരുക്കാനുള്ള വഴികൾ തേടുന്നതിന് മുൻപായി പ്രാഥമികമായി ചെയ്യേണ്ടകാര്യം ദൈനംദിന ചെലവുകൾ എഴുതിവയ്ക്കുന്ന ശീലം വളർത്തിയെടുക്കുക എന്നതാണ്. മുൻ കാലങ്ങളിൽ കുടുംബനാഥൻ വരവ് ചെലവ് കണക്കുകൾ ഡയറിയിലോ നോട്ട്ബുക്കിലോ എഴുതി സൂക്ഷിക്കുകയാണ് പതിവെങ്കിൽ ആധുനിക കാലഘട്ടത്തിൽ കണക്കുകൾ കൃത്യമായി നിരീക്ഷിക്കാൻ സഹായിക്കുന്ന നിരവധി മൊബൈൽ ആപ്പുകൾ വരെ ലഭ്യമാണ്. മുമ്പുള്ള മാസങ്ങളിലെ ചെലവുകളുമായി താരതമ്യം ചെയ്യാനും വരും മാസങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്ന ചെലവുകൾ മുൻകൂട്ടി ഓർത്തുവയ്ക്കാനുമൊക്കെഡയറിയും മൊബൈൽ ആപ്പുമൊക്കെ ഉപയോഗപ്പെടുത്താം. 

     ആവശ്യങ്ങൾക്ക് അതിരുകളുണ്ടാവണമെന്നില്ല. അവ തിരഞ്ഞെടുക്കുമ്പോഴാണ് ശ്രദ്ധിക്കേണ്ടത് . ഒഴിവാക്കാൻ കഴിയാത്ത ആവശ്യങ്ങൾ നിർബന്ധമായും പണം ചെലവാക്കി നടത്തിയെടുക്കുക.അതേസമയം, അനാവശ്യമെന്ന് തോന്നുന്ന ചെലവുകൾ നിർബന്ധമായും വേണ്ടെന്ന് വയ്ക്കുക.ദൈനംദിന ചെലവുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഗതാഗത ആവശ്യങ്ങൾക്കായി ചെലവിടുന്ന പണം. ഒഴിവാക്കാൻ പറ്റാത്ത സന്ദർഭങ്ങളിലും കുടുംബത്തോടൊപ്പം യാത്ര ചെയ്യേണ്ടിവരുമ്പോഴും മാത്രംകാർ ഉപയോഗിക്കുന്നതാണ് ബുദ്ധി.വളരെ ചെറിയ യാത്രകൾ ഇരുചക്രവാഹനത്തിലോഅതുമല്ലെങ്കിൽ കാൽനടയായി പോവുന്നതോ ആണ് നല്ലത്. മികച്ച യാത്രാസൗകര്യം ലഭ്യമെങ്കിൽ ജോലിസ്ഥലത്തേക്ക് പൊതുഗതാഗതത്തെ ആശ്രയിക്കുക.     

     ജോലിക്ക് പോകുന്നവർ ഉച്ചഭക്ഷണം ഹോട്ടലുകളിൽ നിന്നും കഴിക്കുന്ന രീതി പരമാവധി ഒഴിവാക്കുന്നതാണ് ഉചിതം. ഭക്ഷണത്തിനായി ചെലവിടേണ്ട ഉയർന്ന തുകയിൽ മിച്ചം പിടിക്കാമെന്ന് മാത്രമല്ല വീട്ടിൽ പാചകം ചെയ്തുവരുന്ന ഭക്ഷണം മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ല എന്നതും പ്രധാനമാണ്.    

          ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ മികച്ചതാകാമെങ്കിലും ബ്രാൻഡുകൾക്ക് അമിതപ്രധാന്യം നൽകി വളരെ ഉയർന്ന വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങാതിരിക്കുന്നതാണ് ബുദ്ധി. ഒരുപക്ഷേ തുല്യ ഗുണനിലവാരത്തിലുള്ളതോ അല്ലെങ്കിൽ തൊട്ടുതാഴെയുള്ളതോ ആയ ഉൽപ്പന്നങ്ങൾ താരതമ്യേന കുറഞ്ഞവിലക്ക് പുതിയ ബ്രാൻഡുകളിലും ലഭ്യമാവാം. അവ പരീക്ഷിച്ച് നോക്കുന്നതിൽ തെറ്റില്ലെന്ന് മാത്രമല്ല, കുറച്ച് പണം മിച്ചം വയ്ക്കുകയും ചെയ്യാം. 


        ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.പേയ്മെന്റ് ഡേറ്റ്, ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക് മുതലായ കാര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണയോടെയായിരിക്കണം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കേണ്ടത്. ഏതെങ്കിലും കാരണത്താൽ തിരിച്ചടവിന് മുടക്കം വന്നാൽ അമിതമായ പലിശനിരക്ക് കാരണം കാർഡിലെ ബാധ്യത പെട്ടെന്ന് ഉയർന്നുപോവുമെന്നത് ഓർക്കുക. ഏറ്റവും പ്രധാനപ്പെട്ട കാര്യം കഴിയുന്നതും ക്രെഡിറ്റ് കാർഡ് വഴി പൈസ പണമായി പിൻവലിക്കാതിരിക്കുക എന്നതാണ്. പ്രത്യേകമായ ചാർജ് ഉൾപ്പെടെ വരുമ്പോൾ മുകളിൽ സൂചിപ്പിച്ച പോലെ കടക്കെണിയിൽ അകപ്പെട്ടുപോകാനുള്ള സാധ്യത പണം പിൻവലിക്കലിലൂടെ സംഭവിക്കാം.

أحدث أقدم