സമ്പാദ്യം,നിക്ഷേപം ഇവയിൽ ഏതാണ് നിങ്ങൾക്ക് വേണ്ടത്

 

സമ്പാദ്യം നിക്ഷേപം ഇവ തമ്മിലുള്ള വെത്യാസം എന്താണ് ?


എന്താണ് സമ്പാദ്യം 

നിങ്ങൾക്ക് ഒരു ജോലിയുണ്ടെന്ന് കരുതുക.അപ്പോൾ വരുമാനം ഉണ്ടാവും അത് ദിവസക്കൂലിയാകാം ആഴ്ചയിൽ ലഭിക്കുന്നതാവാം, ജോലി സ്ഥിരമാണെങ്കിൽ മാസശമ്പളമായിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്. അതിൽ - നിങ്ങളുടെ ദിവസമുള്ള ചെലവുകളും , മറ്റ് ചെലവുകളും നടത്തിയ ശേഷം മിച്ചമുള്ള തുക നിങ്ങൾ ഒരു സേവിങ് ബാങ്കിൽ സൂക്ഷിക്കുന്നുണ്ടാവും. അല്ലെങ്കിൽ അവ പണമായി വീട്ടിൽ സൂക്ഷിക്കുന്നുണ്ടാവും. ഇതാണ് നിങ്ങളുടെ സമ്പാദ്യം.

എന്താണ് നിക്ഷേപം?

     നിങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്നും ചെലവ് കഴിഞ്ഞു ബാക്കിവരുന്ന തുക ഒരു ബാങ്കിൽ സൂക്ഷിക്കുന്നതിനു പകരം മ്യൂച്ചൽ ഫണ്ട്, ഓഹരി വിപണി തുടങ്ങിയവയിലേക്ക് മാറ്റുന്നു. അല്ലെങ്കിൽ നിങ്ങളുടെ പണം ഉപയോഗിച്ച് സ്വർണ്ണം വാങ്ങി സൂക്ഷിക്കുന്നു. ഇവയെ നിക്ഷേപം എന്ന് വിളിക്കുന്നു.കുറച്ചു കൂടെ വിശാലമായി പറഞ്ഞാൽ. നിങ്ങളുടെ 5 വർഷത്തെ മാസവരുമാനത്തിൽ നിന്നും മിച്ചം വെയ്ക്കുന്ന തുക ഉപയോഗിച്ച് ഒരു സ്ഥലം വാങ്ങുകയാണ്. അടുത്ത 5 വർഷത്തെ പണം ഉപയോഗിച്ച് ആ സ്ഥലത്ത് 10 കടമുറി നിർമിച്ചു വാടകയ്ക്ക് കൊടുക്കുന്നു എന്ന് വിചാരിക്കുക. അപ്പോൾ അതിൽ നിന്നും ഒരു വരുമാനം നിങ്ങൾക്ക് അധികം ഉണ്ടാവും ഇതാണ് നിക്ഷേപം.

സമ്പാദ്യം vs നിക്ഷേപം താത്വികമായ ഒരു അവലോകനം.

            സമ്പാദ്യത്തിൽ നിങ്ങളുടെ കൈവശമുള്ള പണം പൂർണ്ണമായും സുരക്ഷിതമായിരിക്കും. കാരണം നിങ്ങളുടെ പണം സുരക്ഷിതമായി സൂക്ഷിച്ചു വയ്ക്കുകയാണ് ചെയ്യുന്നത് . അപ്പോൾ നിങ്ങൾക്ക് ഉണ്ടാവുന്ന ഒരു സംശയമാണ് ബാങ്കിൽ ഉള്ള നമ്മുടെ പണത്തിനു പലിശ ലഭിക്കുണ്ടല്ലോ അപ്പോൾ നമ്മുടെ പണം വളരുന്നില്ലേ എന്ന്. ശെരിയാണ് നിങ്ങൾ സേവിങ് ബാങ്കിൽ നിക്ഷേപിക്കുന്ന പണത്തിന് 4% പലിശയും സ്ഥിരനിക്ഷേപങ്ങൾക്ക് 8% വരെയും പലിശ ബാങ്ക് നൽകുന്നുണ്ട്. പക്ഷേ നിങ്ങളുടെ പണം വളരുന്നില്ല എന്നതാണ് പരമമായ സത്യം. പണത്തിന്റെ മൂല്യം കുറയുന്നതിനനുസരിച്ചു നിങ്ങൾക്ക് ബാങ്കിൽ നിന്നും ലഭിക്കുന്ന പലിശ 3% കുറവായിരിക്കും. എന്ന് പറഞ്ഞാൽ നിങ്ങൾ 10 വർഷത്തേക്ക് 8%നിരക്കിൽ ഇന്ന് നിക്ഷേപിക്കുന്ന തുക 10 വർഷം കഴിഞ്ഞു പലിശ സഹിതം തിരികെ ലഭിക്കുമ്പോൾ പണത്തിന്റെ മൂല്യത്തിൽ 3% ശതമാനം നഷ്ടം ഉണ്ടായിരിക്കും. പക്ഷേ നിങ്ങൾക്ക് തിരികെ ലഭിക്കുന്ന സംഖ്യയുടെ വലിപ്പം കൂടിട്ടുണ്ടാവും അപ്പോൾ സാധാരണ പണത്തിൽ വർദ്ധനവ് ഉണ്ടായി എന്ന് നമ്മൾ കരുതും.

                  ഇനി നിക്ഷേപത്തിന്റെ കാര്യത്തിലേക്ക് വാരാം. നിങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിൽ മിച്ചമുള്ള തുക എല്ലാമാസവും മാറ്റിവെച്ചു ഓരോ വർഷവും ഒരു പവൻ സ്വർണ്ണം വാങ്ങുന്നു എന്ന് കരുതുക. 10 വർഷങ്ങൾക്ക് മുൻപ് ഒരു പവൻ സ്വർണ്ണം വാങ്ങുവാൻ വെറും 5000 രൂപ (ഏകദേശകണക്ക് ) ആയിരുന്നുവെങ്കിൽ ഇപ്പോൾ ഒരു പവൻ സ്വർണ്ണം വാങ്ങുവാൻ 35000 ₹ വേണം. ഇവിടെ പണത്തിന്റെ മൂല്യം കുറഞ്ഞത് അനുസരിച്ചു സ്വർണ്ണനിക്ഷേപത്തിന്റെ മൂല്യം എത്രയോ ഇരട്ടിയാണ് വർദ്ധിച്ചത്. സ്വർണ്ണത്തിന് പകരം ഒരു സ്ഥലമോ കെട്ടിടമോ അല്ലെങ്കിൽ മ്യൂച്ചൽ ഫണ്ടിലോ ഓഹരിവിപണിയിലോ ആയിരുന്നെങ്കിൽ ഇതിലും എത്രയോ അധികം വർധിക്കുമായിരുന്നു.



എന്ത് കൊണ്ട് സാധാരണക്കാർ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നില്ല.

  സാധാരണക്കാരെ സംബന്ധിച്ച് സമ്പാദിക്കുന്ന പണം ഒരിക്കലും നഷ്ടപ്പെടരുത് എന്ന് വിശ്വസിക്കുന്നരാണ്.  നമ്മൾ എപ്പോഴും നമ്മുടെ കൈവശമുള്ള പണത്തിന്റെ സംഖ്യയിൽ പ്രാധാന്യം കൊടുക്കുന്നു മറിച്ചു പണത്തിന്റെ മൂല്യം ശ്രദ്ധിക്കുന്നില്ല. സാധാരണക്കാർ റിസ്ക് എടുക്കാൻ തയ്യാറാകുന്നില്ല. അപ്പോൾ നിക്ഷേപത്തിൽ എന്താണ് റിസ്ക് ഉള്ളത് എന്ന് നിങ്ങൾക്ക് സംശയം ഉണ്ടാവാം. അതായത് സ്വർണ്ണത്തിൽ നിക്ഷേപം നടത്തി 10 വർഷം കഴിഞ്ഞപ്പോൾ വാങ്ങിയ വിലയേക്കാൾ വിലകുറഞ്ഞാൽ നമ്മുടെ പണം നഷ്ടപ്പെടില്ലേ? തീർച്ചയായും ശെരിയാണ്. സ്വർണ്ണത്തിന്റെ വില വലിയ തോതിൽ കുറയില്ല എങ്കിലും മ്യൂച്ചൽ ഫണ്ടിലും ഓഹരിവിപണിയിലും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെ ചിന്തിക്കുമ്പോൾ നിക്ഷേപങ്ങളേക്കാൾ നല്ലത് സമ്പാദ്യമാണ് എന്ന്  സാധാരണക്കാർ ചിന്തിക്കാറുണ്ട്.

അപ്പോൾ നിങ്ങൾക്ക് തീരുമാനിക്കാം സമ്പാദിക്കണോ നിക്ഷേപം നടത്തണമോ എന്ന്. അതായത് സാധാരണക്കാരനായി ജീവിതകാലം മുഴുവൻ ജീവിക്കണോ സാമ്പത്ത് വർധിപ്പിച്ചു പാണക്കാരനാവാണോ എന്ന്.