മലയാളികൾ അടക്കമുള്ളവരുടെ ഇഷ്ട നിക്ഷേപമായി മാറിയ മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് കുറയുന്നതിന്റെ കാരണങ്ങളും വിപണി വിദഗ്ധരുടെ വിലയിരുത്തലുകളും അറിയാം.
ബാങ്ക് നിക്ഷേപങ്ങളെ പോലും പിന്നിലാക്കി ഓഹരി വിപണിയിലേക്ക് സാധാരണക്കാരെ ആകർഷിച്ചതിൽ മ്യൂച്വൽ ഫണ്ടുകളുടെ പങ്ക് വളരെ വലുതായിരുന്നു. തുടർച്ചയായ മികച്ച നേട്ടങ്ങൾ കണ്ടതോടെ നിക്ഷേപകർ ഈ മേഖലയിലേക്ക് ഒഴുകിയെത്തി. എന്നാൽ, അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായതിന് ശേഷം ആഗോള സാമ്പത്തിക കാലാവസ്ഥ അനിശ്ചിതത്വത്തിലായി. തീരുവ യുദ്ധങ്ങൾ അടക്കമുള്ള കാരണങ്ങൾ ഇന്ത്യൻ വിപണിയെയും പിടിച്ചുകുലുക്കി, അതിന്റെ പ്രകമ്പനം മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലും പ്രകടമാണ്.
പണമൊഴുക്കിലെ ഇടിവ് കണക്കുകൾ പറയുന്നു:
സാധാരണ നിക്ഷേപകരുടെ ഇഷ്ട മേഖലയായിരുന്ന മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് കുറയുന്നതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
* വളർച്ചാനിരക്ക് കുറഞ്ഞതും സ്വർണത്തിലേക്കുള്ള നിക്ഷേപകരുടെ തിരിയലും മ്യൂച്വൽ ഫണ്ടുകളെ ബാധിച്ചു.
* ജൂലൈയിൽ 42,000 കോടി രൂപയായിരുന്നു മ്യൂച്വൽ ഫണ്ടുകളിലേക്ക് എത്തിയത്.
* ഓഗസ്റ്റിൽ ഇത് 33,430 കോടി രൂപയായി കുറഞ്ഞു.
* സെപ്റ്റംബറിൽ വീണ്ടും ഇടിഞ്ഞ് 30,400 കോടി രൂപയായി.
സ്മോൾ ക്യാപിന്റെ പ്രകടനക്ഷമത കുറഞ്ഞു:
* സ്‌മോൾക്യാപ് കാറ്റഗറിയിലാണ് ഫണ്ട് വരവ് വലിയ തോതിൽ കുറഞ്ഞത്.
* കഴിഞ്ഞ ഒരു വർഷമായി മിഡ്ക്യാപ്, സ്‌മോൾ ക്യാപ് ഫണ്ടുകൾ മോശം പ്രകടനമാണ് നടത്തുന്നത്.
* ഇക്വിറ്റി സ്‌കീമുകളിലെ മൊത്തത്തിലുള്ള പണമൊഴുക്ക് 2025 ഏപ്രിലിലെ 6.8% ൽ നിന്ന് സെപ്റ്റംബറിൽ വെറും 5.4% ആയി കുറഞ്ഞു.
* പണമൊഴുക്ക് 19,000 കോടിയിൽ നിന്ന് 15,000 കോടിയായി ചുരുങ്ങി. നിക്ഷേപങ്ങളുടെ ഏറിയപങ്കും ചില പ്രത്യേക ഫണ്ടുകളിലേക്ക് കേന്ദ്രീകരിക്കുന്നതായും കണക്കുകൾ പറയുന്നു.
നിക്ഷേപകർ ഭയപ്പെടേണ്ടതുണ്ടോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ:
ഈ സാമ്പത്തിക വർഷത്തിലെ ഏറ്റവും മോശം കാലഘട്ടം കടന്നുപോയെന്നും സമ്പദ്‌വ്യവസ്ഥയിൽ പോസിറ്റീവായ മാറ്റങ്ങൾ പ്രകടമാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.
* ജിഎസ്ടിയിലെ പരിഷ്‌കാരം, ആർബിഐയുടെ പുനരുജീവന നീക്കങ്ങൾ എന്നിവയെല്ലാം ആഭ്യന്തര ഉപഭോഗം വർധിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്.
* ഇപ്പോഴത്തെ നിലയിൽ നിന്ന് ഡിസംബറോടെ നിഫ്റ്റി 11 ശതമാനം ഉയരുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.
* വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയ സമയത്തും വിപണിയെ പിടിച്ചുനിർത്തിയത് ആഭ്യന്തര നിക്ഷേപകരുടെ ശക്തമായ സാന്നിധ്യമാണ്.
* സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകളിലൂടെ (എസ്.ഐ.പി) ഓഹരി വിപണിയിലേക്ക് എത്തിയവരുടെ എണ്ണം കോവിഡിന് ശേഷം വലിയ തോതിൽ ഉയർന്നിട്ടുണ്ട്.
* ഈ വർഷം വലിയ നേട്ടത്തിലേക്ക് എത്തിയില്ലെങ്കിലും വിപണിക്ക് ശുഭകരമായ നാളുകൾ തന്നെയാണ് വരാനിരിക്കുന്നത് എന്ന് നിരീക്ഷകർ പറയുന്നു.
